T
ഓപ്പറേഷൻ എന്റബേ, അഥവാ ഓപ്പറേഷൻ തണ്ടർബോൾട്ട്‌
----------------------------------------------------------------
ലോകത്തിലെ ഏത്‌ സൈനികവിഭാഗവും, രഹസ്യാന്ന്വേഷണ സംഘവും കൊതിക്കുന്ന, യക്ഷിക്കഥകളെപ്പോലും വെല്ലുന്ന ആ രക്ഷാപ്രവർത്തനം നടന്നത്‌ 1976 ജൂലായ്‌ നാലിനു...
ജൂൺ 28നു 280 യാത്രക്കാരേയും വഹിച്ച്‌ കൊണ്ട്‌ എയർ ഫ്രാൻസിന്റെ ആ വലിയ വിമാനം ടെൽ അവീവിൽ നിന്നും പാരീസിലേക്ക്‌ പറന്നുയരുമ്പോൾ ആരുമറിഞ്ഞിരിന്നില്ല, അത്‌ ചരിത്രത്തിലേക്കുള്ള ടേക്ക്‌ ഓഫ്‌ ആണന്ന്. പറന്നുയർന്ന് നിമിഷങ്ങൾക്കകം വിമാനം പാലസ്തീൻ തീവ്രവാദികൾ തട്ടിയെടുത്തു. ആദ്യം ലിബിയയിൽ ഇറക്കിയ വിമാനത്തിന്റെ അവസാന താവളം ഈദി അമീന്റെ, ഉഗാണ്ടയുടെ തലസ്ഥാനമായ എന്റബേ. പാലസ്തീൻ തീവ്രവാദികളോട്‌ അനുഭാവപൂർണ്ണമായ നിലപാടായിരുന്നു ഉഗാണ്ടയുടേത്‌....
ഇസ്രയേലിന്റെ തടവിലുള്ള നാൽപതിലധികം തീവ്രവാദികളെ വിട്ടയക്കുക എന്നതായിരുന്നു തീവ്രവാദികളുടെ ആവശ്യം. രാജ്യസുരക്ഷയെ സംബന്ധിക്കുന്ന ഒരു കാര്യത്തിലും, വിട്ടുവീഴ്ചയെപ്പറ്റി ചിന്തിക്കുകപോലും ചെയ്യാത്ത ഇസ്രയേൽ ഉടൻ തന്നെ രക്ഷാപ്രവർത്തനം എന്ന ഒരേയൊരു പരിഹാരത്തിലേക്ക്‌ എത്തി....
നാലായിരം കിലോമീറ്ററുകൾക്കപ്പുറം കിടക്കുന്ന ഉഗാണ്ട... ചുറ്റും ശത്രുരാജ്യങ്ങൾ... തങ്ങളുടെ പൗരന്മാരുടെ ജീവൻ കൈയ്യിൽ വെച്ച്‌ സുരക്ഷിത താവളത്തിലിരുന്ന് വിലപേശുന്ന തീവ്രവാദികൾ.....എത്ര കരുത്തുള്ള രാജ്യവും പതറിപ്പോയെക്കാവുന്ന സ്ഥിതി.... പക്ഷേ, തീവ്രവാദികളോടും, ഇദി അമീനോടും വിലപേശുകയെന്ന തന്ത്രത്തിലൂടെ ഇസ്രയേൽ അധികൃതർ സമയം നീട്ടിയെടുത്ത്‌ കൊണ്ടിരുന്നു. ഇതിനിടയിൽ, ഉണർന്ന് പ്രവർത്തിച്ച, ഇസ്രയേൽ ചാരസംഘടന, മൊസ്സാദ്‌ കൃത്യമായ വിവരങ്ങൾ ശേഖരിച്ചു... എന്റബേ വിമാനത്താവളത്തിന്റെ വിശദാംശങ്ങൾ.... തീവ്രവാദികളുടെ എണ്ണം, ആയുധങ്ങൾ, ഉഗാണ്ടൻ സൈന്യവിന്യാസം എന്നിങ്ങനെ സകലതും.... ഈ സമയത്ത്‌, ജോനാഥൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ ഒരു ടാസ്ക്‌ ഫോഴ്സ്‌, എന്റബേ വിമാനത്താവളത്തിന്റെ ഒരു മാതൃകാ സെറ്റിൽ കഠിനമായ ട്രയലിലുമായിരുന്നു..... ഒരു പക്ഷേ, റൺ വെയിൽ ലൈറ്റുകളില്ലങ്കിൽ, ഇരുട്ടിൽ തന്നെ ലാൻഡ്‌ ചെയ്യാനുള്ള പുതിയ സാങ്കേതിക വിദ്യ വരെ അവർ ഈ ചുരുങ്ങിയ സമരത്തിൽ വികസിപ്പിച്ചു..... ഉഗാണ്ടയുടെ അയൽ രാജ്യമായ കെനിയ യുടെ സഹായം ഉറപ്പാക്കാനും അവർക്ക്‌ കഴിഞ്ഞു.... അതിനിടയിൽ, ഇസ്രയെലികളല്ലാത്തവരെ, തീവ്രവാദികൾ മോചിപ്പിച്ചിരുന്നു..... മൊചിപ്പിക്കപ്പെട്ടവരിൽ നിന്ന് കൂടുതൽ വിവരം ശേഖരിച്ച്‌, മൊസ്സാദ്‌ പദ്ധതികൾക്ക്‌ കൂടുതൽ കൃത്യത വരുത്തി
അങ്ങിനെ, ജൂലായ്‌ നാലിനു, നാലു പടുകൂറ്റൻ ഹെർക്കുലീസ്‌ വിമാനങ്ങൾ, സർവ്വസഞ്ജീകരണങ്ങളുമായി ഇസ്രയെലിൽ നിന്ന് പറന്നുയർന്നു..... സൗദി അറേബ്യയുടേയും, ലിബിയയുടേയും റഡാറുകളുടെ കണ്ണുവെട്ടിക്കാൻ, ആ വിമാനങ്ങൾ ചെങ്കടലിനു മുകളിലൂടെ പറന്നത്‌ വെറും മുപ്പത്‌ മീറ്റർ ഉയരത്തിലായിരുന്നു.....
രാത്രി പതിനൊന്നിനു, എന്റബേ എയർ ട്രാഫിക്കിന്റെയും കണ്ണുവെട്ടിച്ച്‌ ആ വിമാനങ്ങൾ ശത്രു രാജ്യത്ത്‌ ലാൻഡ്‌ ചെയ്തു. അർദ്ധരാത്രിയിൽ, ഒരു പക്ഷേ ഇദി അമീന്റെ പ്രത്യേക വിമാനമായിരിക്കും അതെന്നാണു, വിമാനത്താവളത്തിൽ നിലയുറപ്പിച്ച ഉഗാണ്ടൻ സൈനികരും കരുതിയത്‌. വിമാനത്തിൽ കൊണ്ടുവന്ന, ഇദി അമീൻ ഉപയോഗിക്കുന്ന തരത്തിലുള്ള കാറിൽ കുറച്ച്‌ കമാൻഡോകൾ, ബന്ദികളെ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക്‌ നീങ്ങിയപ്പോൾ, രണ്ട്‌ കാവൽക്കാർക്ക്‌ സംശയം തോന്നിയങ്കിലും, കമാൻഡോകളുടെ കൈയ്യിലെ സെയിലൻസർ ഘടിപ്പിച്ച തോക്കുകൾ അവരെ നിശബ്ദരാക്കി......കെട്ടിടത്തിലേക്ക്‌ ഇരച്ച്‌ കയറിയ കമാൻഡോകൾ, ഹീബ്രുവിലാണു സംസാരിച്ചതും, ബന്ദികളോട്‌ കമിഴ്‌ന്നു കിടക്കാൻ ആവശ്യപ്പെട്ടതും, മിനിറ്റുകൾക്കകം മുഴുവൻ തീവ്രവാദികളേയും വകവരുത്തി...ക്രോസ്സ്‌ ഫയറിൽ, രണ്ട്‌ ബന്ദികൾ മരിച്ചു...
അകത്ത്‌ വേടിവെപ്പ്‌ നടക്കുമ്പോൾ, പുറത്ത്‌, വിമാനത്താവളത്തിലുണ്ടായിരുന്ന, ഉഗാണ്ടൻ വ്യോമസേനയുടെ മുപ്പതോളം മിഗ്‌ വിമാനങ്ങൾ ഇസ്രയെൽ തകർത്തു. തങ്ങൾ രക്ഷപെട്ട്‌ കഴിയുമ്പൊൾ, അവർ പിൻ തുടരുന്നത്‌ ഒഴിവാക്കാൻ വേണ്ടിയായിരുന്നു അത്‌....
നാൽപത്‌ മിനിട്ട്‌ നീണ്ട്‌ നിന്ന റെയ്ഡിനൊടുവിൽ ആ രാത്രി തന്നെ ഇസ്രയേൽ സംഘം മോചിപ്പിക്കപ്പെട്ട ബന്ദികളുമായി എന്റബേയിൽ നിന്ന് പറന്നുയർന്നു. നെയ്‌ റോബിയിൽ നിന്നും ഇന്ധനം നിറച്ച്‌, സംഘം നേരേ ടെൽ അവീവിലേക്ക്‌ വിജയശ്രീലാളിതരായി പറന്നിറങ്ങി.... ഈ ഓപ്പറേഷനിൽ, ജോനാഥൻ നെതന്യാഹു മരിച്ചു...പിൽക്കാലത്ത്‌, ഇസ്രയേൽ പ്രധാനമന്ത്രിയായ ബെഞ്ചമിൻ നെതന്യാഹു അദ്ദേഹത്തിന്റെ സഹോദരനാണു.....
പിറ്റേന്ന് ലോകം, കണ്ണും കാതും തുറക്കുന്നത്‌, അത്ഭുതകരവും അവിശ്വസനീയവുമായ ഈ വാർത്തയിലേക്കാണു......ആത്മാഭിമാനവും, ഇഛാശക്തിയും, കൂർമ്മബുദ്ധിയുമെല്ലാം ഒരുമിച്ച്‌ ചേർന്നാൽ, ഏത്‌ ജനതക്കും ഇതിഹാസസമാങ്ങളായ സംഭവങ്ങൾ രചിക്കാൻ കഴിയും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണു, ഓപ്പറേഷൻ തണ്ടർബോൾട്ട്‌....